Worth reading guys!!
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
കേരളം പഴയ കേരളമല്ല. സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടേയും കൊടിയടയാളങ്ങൾ പതിയെ താഴ്ന്നു തുടങ്ങുന്നുവോ എന്ന് സംശയിക്കപ്പെടേണ്ട വിധം വർഗീയ ധ്രുവീകരണത്തിന്റെ കാറ്റ് അങ്ങിങ്ങായി വീശിത്തുടങ്ങുന്നുണ്ട്. ഈ ധ്രുവീകരണം വളരെ പ്രകടമായ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നത് ഇന്ന് നവ മാധ്യമങ്ങളിലാണ്. പുറം ലോകത്തിന്റെ കണ്ണാടിയാണ് നവമാധ്യമങ്ങൾ. സമൂഹത്തിൽ കാണുന്ന പല മാറ്റങ്ങളുടെയും ആദ്യ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. അതുകൊണ്ട് തന്നെ ഈ കണ്ണാടിക്കാഴ്ച്ചകളെ വളരെ കരുതലോടെ വേണം കാണുവാൻ.. ആശങ്കകളോടെ വേണം സമീപിക്കുവാൻ. നവമാധ്യമങ്ങൾ നല്കുന്ന ആശയ പ്രചാരണ സ്വന്തന്ത്ര്യവും സമാന്തര വാർത്താ സാധ്യതകളും ഒരു വിസ്ഫോടനം തന്നെ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും വേര് പിടിക്കുന്നതും പടരുന്നതും നവ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് എന്നതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല ചരിത്രത്തിൽ നമുക്ക് മുന്നിലുണ്ട്. സോഷ്യൽ മീഡിയ ഇടപെടലുകളെ, അവിടെ വീശുന്ന കാറ്റിനെ, വളർന്നു വരുന്ന തരംഗങ്ങളെ അല്പം ജാഗ്രതയോടെ കാണാൻ ശ്രമിക്കാത്ത പക്ഷം വൈകിപ്പോയ തിരിച്ചറിവുകളുടെ പട്ടികയിൽ മറ്റൊന്ന് കൂടി ചേർക്കേണ്ടി വരും.
കൂട്ടക്കുരുതികൾക്കെതിരെ പ്രതികരിക്കുന്നവൻ ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കുമ്പോൾ അതിലൊരു പ്രതികരണത്തിന്റെ സത്യസന്ധതയുണ്ട്. പാക്കിസ്ഥാനിൽ ഷിയാ - അഹമ്മദിയാ വിഭാഗങ്ങൾക്കെതിരെയും അവിടെയുള്ള ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയും അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ മാനസിക വിഷമം പ്രകടിപ്പിച്ചവൻ പ്രതികരിക്കുമ്പോൾ അതിലിത്തിരി മാനുഷികതയുടെ സ്പർശമുണ്ട്. അത്തരം കുരുതികളൊന്നും എനിക്ക് പ്രശ്നമല്ല, 'മുസ്ലിംകളെ അമുസ്ലിംകൾ കൊല്ലുമ്പോൾ' ഞാൻ പ്രതികരണവുമായി വരും എന്ന് പറയുന്നിടത്താണ് ന്യൂട്ടൻ പറഞ്ഞ പ്രതിപ്രവർത്തനം ശക്തമാകുന്നത്. ഇസ്രാഈലിന്റെ അധിനിവേശ നിലപാടുകളെ അതിശക്തമായി എതിർക്കുന്ന ആളുകൾ പോലും മുസ്ലിം ചെറുപ്പക്കാരുടെ ഈ ഏകമുഖ പ്രതികരണം കാണുമ്പോൾ ഇസ്രാഈൽ അനുകൂലികളായി മാറുന്ന കാഴ്ചയുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മറുതരംഗം ഈയിടെ ശ്രദ്ധയിൽ പെടുകയുണ്ടായി. വളരെ ഭയപ്പാടോടെ കാണേണ്ട ഒരു മറു തരംഗമാണത്. ഗസ്സയുടെ വിഷയത്തിൽ മാത്രമല്ല, എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇത്തരം ഏകമുഖ പ്രതികരണങ്ങളുടെ പ്രതിപ്രവർത്തനം നടക്കുന്നുണ്ട്. ഗസ്സ ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം.സോഷ്യൽ മീഡിയയിലെ പ്രതികരണക്കാർക്ക് മാത്രം ബാധകമായ ഒന്നല്ല ഇത്, മുസ്ലിം മത സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമൊക്കെ ഈ 'ഏക ജാലക' പ്രതികരണക്കൂട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള ബാധ്യതയുണ്ട്.
പ്രവാചകനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഒരാളെ ഗൾഫിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന് കൈകാര്യം ചെയ്യുന്ന ഒരു വീഡിയോ വാട്ട്സ്അപ്പിലൂടെ പ്രചരിക്കുന്നതായി ഈയിടെ കണ്ടു. കിട്ടുന്നവരൊക്കെ അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്ക്കും അത് അയച്ചു കൊടുക്കുന്നു. ഒരു വലിയ പ്രബോധന ദൗത്യം നിർവഹിക്കുന്ന ചാരിതാർത്ഥ്യത്തോടെയാണ് അവരത് ചെയ്യുന്നത്. വിവിധ ജാതി മത വർഗ വംശ വിഭാഗങ്ങൾ ജീവിക്കുന്ന പൊതുസമൂഹത്തിന്റെ വീക്ഷണ കോണിൽ നിന്ന് കൊണ്ട് ചിന്തിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടുന്ന അടിസ്ഥാനപരമായ കാര്യം ആരും വിമർശനങ്ങൾക്ക് അതീതരല്ല എന്നതാണ്. ഒരു മതവും ഒരു പ്രവാചകനും ആ അടിസ്ഥാന ആശയത്തിൽ നിന്ന് അപ്രമാദിത്വം കല്പിച്ചു ഒഴിവാക്കപ്പെടേണ്ടതല്ല. ആരെയും ആർക്കും വിമർശിക്കാവുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
പ്രവാചകനെ വിമർശിക്കരുത്, അദ്ദേഹത്തെ അവഹേളിക്കരുത് എന്നത് ഒരു മതവിശ്വാസിയുടെ മനസ്സാണ്. പക്ഷേ അത് പൊതുസമൂഹത്തിന്റെ മനസ്സാകണമെന്ന് വാശി പിടിക്കാൻ പറ്റില്ല. ഹൈന്ദവ ദേവന്മാരെയും ദേവികളെയും വിമർശിക്കരുത് എന്നത് ഒരു ഹൈന്ദവ ഭക്തന്റെ മനസ്സാണ്. അതുപോലെ എല്ലാ മതങ്ങളുടെയും വിശ്വാസികൾക്ക് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വ്യക്തികളെയും ചിഹ്നങ്ങളേയും ആശയങ്ങളേയും വിമർശന വിധേയമാക്കുന്നത് ഇഷ്ടമുള്ള കാര്യമാകില്ല. മനുഷ്യനോളം പഴക്കമുള്ള മതവിശ്വാസങ്ങളുടെ കാര്യം മാത്രമല്ല, ഇന്നലെ പൊട്ടിമുളച്ച ആൾദൈവങ്ങളുടെ കാര്യത്തിൽ പോലും ഇതാണ് വികാരം.
അമൃതാനന്ദമയി അമ്മയെ വിമർശിക്കരുത് എന്നത് ഒരു അമ്മ ഭക്തന്റെ മനസ്സാകുന്നത് അതുകൊണ്ടാണ്. പക്ഷേ ഇതൊന്നും ഒരു പൊതുസമൂഹം പാലിക്കേണ്ട ലിഖിത നിയമമാക്കി നടപ്പിലാക്കാൻ കഴിയില്ല. കഴിയേണ്ടതുമില്ല.
വിമർശനങ്ങളുടെ പെരുമഴക്കാലത്തിലൂടെയാണ് പ്രവാചകൻ ജീവിച്ചു പോയത്. മാന്യമായ വിമർശനങ്ങൾ മാത്രമല്ല, പരിഹാസങ്ങളും അതിക്രൂരമായ മർദ്ദനങ്ങളും വരെ വിശ്വാസി സമൂഹം അദ്ദേഹത്തിന്റെ ജീവിതകാലത്ത് നേരിട്ടിട്ടുണ്ട്. അവയോടൊക്കെ അതേ നാണയത്തിൽ പ്രതികരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. വിമർശനങ്ങളോട് ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുമില്ല. കവിതയിലൂടെ വിമർശിച്ചവർക്കു കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്. അപ്പോൾ പിന്നെ അദ്ദേഹത്തിന്റെ അനുയായികൾ എന്ന് പറയപ്പെടുന്നവർ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് കാണുമ്പോഴേക്കു ഇങ്ങനെ വികാരജീവികളായി മാറേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചാൽ അതേ മീഡിയയിലൂടെ തന്നെ അതിന് മാന്യമായ മറുപടി നല്കാം. ആശയത്തെ ആശയം കൊണ്ട് നേരിടാം. വിമർശിച്ചവന്റെ മുഖത്തടിച്ച് അവനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് അത് വാട്ട്സ് അപ്പിലിട്ട് ആഘോഷിക്കുന്നവൻ ശിക്ഷയർഹിക്കുന്ന ക്രിമിനലുകൾ മാത്രമല്ല, പ്രവാചകന്റെ ഒന്നാം നമ്പർ ശത്രുക്കളുമാണ് എന്ന് പറയേണ്ടി വരും.
ഒരു നവമാധ്യമ സാക്ഷരത അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഇതൊരു പൊതു ഇടമാണ് എന്നതാണ്. പൊതു ഇടങ്ങളിൽ പൊതു മര്യാദകൾ ഉണ്ട്. ഒരു ബെഡ് റൂമിന്റെ സ്വകാര്യതയിൽ ചെയ്യാവുന്ന കാര്യങ്ങൾ ഒരു പൊതുവഴിയിൽ ചെയ്യാൻ പറ്റില്ല. ഒരു പൊതു ഇടത്ത് പ്രദർശിപ്പിക്കാൻ പറ്റുന്നതും പങ്ക് വെക്കാൻ പറ്റുന്നതും എന്ത് എന്നതിനെക്കുറിച്ച ഒരു സാമാന്യ ബോധം വേണം. അതൊരു സാക്ഷരതയാണ്. പങ്ക് വെക്കുന്നത് മതമായാലും രാഷ്ട്രീയമായാലും കുടുംബ വിശേഷങ്ങളായാലും ആ സാക്ഷരത പ്രകടമാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു കാര്യം ഷെയർ ചെയ്യുന്നതിന് ചില നിയതമായ രീതികളുണ്ട്. ഷെയർ ചെയ്യപ്പെടുന്നവർ ആരെന്ന് കൃത്യമായി നിർവചിക്കാൻ പറ്റും. കുടുംബക്കാർ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിങ്ങനെ ആ വൃത്തം പടിപടിയായി വർദ്ധിപ്പിച്ച് ലോകത്തുള്ള ആർക്കും എത്തുന്ന രൂപത്തിൽ ഒരു കാര്യം ഷെയർ ചെയ്യാം. അപ്പോൾ ഷെയർ ചെയ്യപ്പെടുന്നത് എന്ത് എന്നതിന്റെ അടിസ്ഥാനത്തിൽ അതിന്റെ പ്രേക്ഷക സമൂഹത്തെ കൃത്യമായി നിർവചിക്കാൻ സാധിക്കണം. പക്ഷേ പൊതുവിൽ കാണുന്ന സ്വഭാവം ഇത്തരമൊരു ഫിൽറ്ററിംഗ് ഇല്ലാതെ എല്ലാം എല്ലാവരുമായി ഷെയർ ചെയ്യപ്പെടുന്നു എന്നതാണ്.
നവമാധ്യമ സാക്ഷരതയുടെ അഭാവം വല്ലാതെ പ്രകടമാകുന്ന അവസ്ഥയുണ്ട് എന്നർത്ഥം. You are what you share എന്ന് പറയാറുണ്ട്. സോഷ്യൽ മീഡിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ഒന്നാണിത്. നിങ്ങൾ എന്ത് ഷെയർ ചെയ്യുന്നുവോ അതാണ് നിങ്ങൾ. പലരും ചെയ്യുന്നത് അതല്ല, ആരോ എന്തോ അയച്ചു കൊടുക്കുന്നു. ഒരു സെക്കന്റ് അതിനെക്കുറിച്ച് ആലോചിക്കാതെ, അതിന്റെ ഉറവിടത്തെക്കുറിച്ച് ചിന്തിക്കാതെ, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമില്ലാതെ ഷെയർ ചെയ്യുകയാണ്. അത് ഫേസ്ബുക്കിലാകാം, ട്വിറ്ററിലാകാം, വാട്ട്സ് അപ്പിലാകാം. ഷെയർ ചെയ്യുക എന്നത് കണ്ണും പൂട്ടി ചെയ്യേണ്ട ഒന്നല്ല. സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ആളുകൾ വല്ല വാർത്തകളും കൊണ്ടുവന്നാൽ നിങ്ങളതിന്റെ നിജസ്ഥിതി അറിയാൻ ശ്രമിക്കണമെന്നത് വിശുദ്ധ ഖുർആനിന്റെ ഒരദ്ധ്യാപനമാണ്. ഈ അദ്ധ്യാപനം പള്ളികളിലും വീടുകളിലും പൊടിപിടിച്ച ഗ്രന്ഥങ്ങളിലാക്കി സൂക്ഷിക്കേണ്ട ഒന്നല്ല. പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിക്കേണ്ടത് കൂടിയാണ്.
എല്ലാ സാമൂഹിക പ്രശ്നങ്ങളെയും മതവൈകാരികതയുടെ കോണിലൂടെ നോക്കിക്കാണേണ്ടതുണ്ടോ എന്ന അതിപ്രസക്തമായ മറ്റൊരു ചോദ്യവുമുണ്ട്. ഗസ്സ തന്നെ ഉദാഹരണമായി എടുക്കാം. മതമല്ല, അധിനിവേശമാണ് ഗസ്സയിലെ പ്രധാന പ്രശ്നം. അവിടെ ജീവിക്കുന്നവരുടെ മതത്തേക്കാൾ അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും മനുഷ്യാവകാശ ലംഘനവുമാണ് പ്രതികരണക്കാരുടെ വിഷയമാകേണ്ടത്. അതൊരു സാമൂഹിക പ്രശ്നമാണ്. മത വിശ്വാസികളും അല്ലാത്തവരുമൊക്കെ ശബ്ദമുയർത്തേണ്ട നീതിനിഷേധം. മുസ്ലിംകൾക്കെതിരെയുള്ള അക്രമമായി അതിനെ ചിത്രീകരിക്കുക വഴി, ഇസ്രാഈലിനെതിരെ ജിഹാദിന്റെ മുദ്രാവാക്യം ഉയർത്തുക വഴി ഒരു വലിയ മാനുഷിക പ്രശ്നത്തിന്റെ ഗ്രാവിറ്റിയെ ഒരു മതപ്രശ്നത്തിന്റെ വൈകാരിക തലത്തിലേക്ക് ചുരുക്കിക്കൊണ്ട് വരികയാണ് ചെയ്യുന്നത്.
സുബ്രമഹ്ണ്യം സ്വാമിയുടെ ട്വീറ്റുകളും ഫേസ്ബുക്ക് അപ്ഡേറ്റുകളും ശ്രദ്ധിക്കുന്ന ആളുകൾക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം ഇന്ത്യയുടെ മതേതര മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുവാൻ വളരെ ബോധപൂർവവും തന്ത്രപരവുമായ ശ്രമങ്ങൾ അദ്ദേഹം നടത്തുന്നു എന്നതാണ്. അത്തരം ആളുകളുടെ നവമാധ്യമ ത്രെഡുകളിൽ നിന്ന് കത്തിപ്പടരുന്ന സാമുദായിക വിദ്വേഷത്തിന്റെ വിത്തുകളെ നട്ടു വളർത്തുന്നവർ ധാരാളമുണ്ട്. അതൊരു സംഘ പരിവാർ അജണ്ടയുടെ ഭാഗമാണ്. അത്തരം അജണ്ടകൾക്ക് പ്രാഥമിക തലത്തിൽ തന്നെ പ്രതിരോധം തീർക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മതേതര സമൂഹം എന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ മതേതര സമൂഹത്തെ മതേതരരായി തന്നെ നിലനിർത്തുവാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതമായ നിലനില്പിന് അവശ്യം ആവശ്യമായിട്ടുള്ളത്. എന്നാൽ പ്രതികരണങ്ങളിൽ സന്തുലിതത്വവും സമഭാവനയും പാലിക്കാത്ത മുസ്ലിം ചെറുപ്പക്കാരുടെ വൈകാരികതകൾ സംഘ പരിവാർ അജണ്ടകൾക്ക് പ്രതിരോധം തീർക്കുന്ന ശുദ്ധ മതേതരരെപ്പോലും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും എന്നത് നാം മറന്നു കൂട. അതാണ് പലയിടത്തും നാമിപ്പോൾ കണ്ടു വരുന്നത്. സാമുദായിക സൗഹാർദത്തിനും മതേതര മൂല്യങ്ങൾക്കും വേണ്ടി ശക്തമായി നിലകൊണ്ടിരുന്ന പലരും പതിയെ ഒരു സോഫ്റ്റ് ഹിന്ദുത്വ നിലപാടിലേക്ക് മാറുന്നത് ആശയ വിനിമയ തലത്തിലെ ചില പൊരുത്തക്കേടുകളുടെ കൂടി ഫലമായിട്ടാവാം.
മുസ്ലിം സിനിമാ നടികളുടെ ഫേസ്ബുക്ക് പേജുകളിൽ പോയി 'ഇസ്ലാമിന് ചീത്തപ്പേര് ഉണ്ടാക്കാതെ നിനക്ക് തട്ടമിട്ട് അഭിനയിച്ചു കൂടെ പന്നീ..' എന്ന് ചോദിക്കുന്നവൻ താൻ നിർവഹിക്കുന്നത് ഒരു വലിയ പ്രബോധന ദൗത്യമാണ് എന്ന് കരുതുന്നുണ്ടാകണം. എന്നാൽ അത്തരം പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന പ്രതി-പ്രതികരണങ്ങളുടെ രസതന്ത്രം തിരിച്ചറിയപ്പെടാതെ പോകുന്നു. ആ സിനിമാ നടിയുടെ ഒറ്റ സിനിമയും മുടങ്ങാതെ കാണുന്നവന് പെട്ടെന്നൊരു നിമിഷത്തിൽ മതത്തിന്റെ കല്പന ഓർമ വരുന്നതാണ്. ആ നിമിഷത്തിൽ അയാളൊരു 'മഹാ പ്രബോധകനായി' മാറുകയാണ്. അടുത്ത നിമിഷത്തിൽ മറ്റൊരു സിനിമാ നടിയുടെ പേജിലെ ഗ്ളാമർ ചിത്രം ബ്രൌസ് ചെയ്യാൻ അയാൾ പോവുകയുമായി. ഒരു പബ്ളിക്ക് സ്പേസിൽ താൻ നടത്തിയ പ്രതികരണവും അതുയർത്തുന്ന പൊതുവികാരവും അയാൾ അറിയുകയോ അതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്യുന്നില്ല. ഒരു സ്വകാര്യ ഇടമെന്ന പോലെയാണ് സോഷ്യൽ മീഡിയയെ അത്തരക്കാർ ഉപയോഗിക്കുന്നത്. നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. എന്നാൽ അത് പരിസര ബോധമില്ലാതെ ചെയ്യേണ്ട ഒന്നല്ല. ബുദ്ധിയും ചിന്തയും അടുപ്പിലിട്ട് കത്തിച്ച ശേഷം മരത്തലയുമായി വന്ന് ചെയ്യേണ്ട ദൗത്യവുമല്ല. സോഷ്യൽ മീഡിയയെ ഗുണപരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ഉപയോഗപ്പെടുത്താൻ ഏറെ സാധ്യതകളുണ്ട്. ആശയ പ്രചാരണ ഉപാധിയായും അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റും. പക്ഷേ ചിന്തിക്കുന്ന ഒരു തലയുടെ അഭാവം ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. കയറൂരി വിട്ട ഒരു കാളക്കൂറ്റനെപ്പോലെ ഏത് വേലിയും പൊളിക്കാവുന്ന ഏത് ചെടിയും തിന്നാവുന്ന പ്രകൃതത്തിൽ സോഷ്യൽ മീഡിയയിൽ പെരുമാറുന്നവർക്ക് ചികിത്സ അനിവാര്യമാണ്. ഒരു നവമാധ്യമ ഉഴിച്ചിൽ ചികിത്സ. (ശബാബ് വാരികക്ക് വേണ്ടി എഴുതിയത് - 25 July 2014)
വള്ളിക്കുന്ന് : നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?