“വലയില്‍ കിടന്ന് ബ്രസൂക്ക ഒരു സുവര്‍ണകാലത്തിന്റെ അന്ത്യഗാനം ആലപിച്ചു."
-- ഹാ, വായിക്കാൻ എന്താ രസം.
ദേശാഭിമാനിയിൽ വന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് റിപ്പോർട്ടുകൾ കവിത പോലെ സുന്ദരമാണ്. (ലേഖകന്റെ പേരു വെളിപ്പെടുത്തൂ, മിസ്റ്റർ എഡിറ്റർ!) സ്പെയിൻ-ചിലി മത്സരത്തിന്റെ റിപ്പോർട്ടിൽ നിന്ന് :
“വിശേഷണങ്ങളുടെ കവചകുണ്ഡലങ്ങള്‍ പറിച്ചെറിഞ്ഞ് മാരക്കാനയിലെ മൈതാനിയില്‍നിന്ന് ചിലിയന്‍ പടയാളികള്‍ ലോകത്തോടു വിളിച്ചുപറഞ്ഞു, "രാജാവ് നഗ്നനാണ്“. ഒരു പതിറ്റാണ്ടോളം ലോകഫുട്ബോള്‍ എന്ന സൗരയൂഥത്തിന്റെ കേന്ദ്രമായിരുന്ന സ്പാനിഷ് സൂര്യന്‍ ക്ഷീണിച്ച നിഴലായി അസ്തമനക്കടലിന്റെ തിരപ്പുറത്തു വീണ് ചിതറി. ചിലി-2, സ്പെയിന്‍-0 എന്നത് ബ്രസീല്‍ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് "ബി"യിലെ ഒരു സ്കോര്‍ മാത്രമല്ല, പൊന്‍തൂവലുകള്‍കൊണ്ട് അലങ്കരിച്ച ഒരു രാജകിരീടമടക്കിയ പെട്ടിയുടെ മീതെ സ്ഥാപിച്ച ശിലാഫലകമാണ്. ഒരു യുഗം ഇവിടെ ഉറങ്ങുന്നു.
.....
ആദ്യമത്സരത്തില്‍ 5-1ന് നെതര്‍ലന്‍ഡ്സിനോടു തോറ്റപ്പോള്‍തന്നെ മണികള്‍ മുഴങ്ങിയിരുന്നു. പക്ഷെ, 2010ല്‍ ഗ്രൂപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനോടു തോറ്റ ചരിത്രത്തെ കൂട്ടുപിടിച്ച് സ്പെയിന്‍ തിരിച്ചുവരും എന്നു കരുതി. പക്ഷെ, രണ്ടാം മത്സരത്തിന് മാരക്കാനയില്‍ ഇറങ്ങിയ ലോകചാമ്പ്യന്‍മാര്‍ കണ്ടത് ചിലിയെയല്ല, പുലികള്‍ കൂടുതുറന്നിറങ്ങിയതാണ്. ചിലിയുടെ മണ്ണില്‍ പുരണ്ട ചെമ്പ് ഉരുകിത്തിളയ്ക്കുന്ന കനല്‍ക്കണ്ണുകളായിരുന്നു അവര്‍ക്ക്. അഞ്ചു നൂറ്റാണ്ടുകള്‍ക്കപ്പുറം ചിലിയില്‍ അധിനിവേശത്തിന്റെ കൊടിനാട്ടിയ സ്പാനിഷ് ധിക്കാരത്തെ അവര്‍ മാരക്കാനയില്‍ ചുടലച്ചാരമാക്കി. ഒരുപക്ഷെ വിധിയാവാം, പുതിയ സ്പാനിഷ് രാജാവ് അധികാരം ഏറ്റെടുക്കുന്നതിന്റെ തലേ രാത്രിയിലാണ് ചിലി പട്ടാഭിഷേകത്തിന്റെ ആഡംബരത്തിനുമീതെ കാല്‍പ്പന്തിന്റെ നിറയൊഴിച്ചത്.
...
വികാരമുണ്ടായിരുന്നു ചിലിയുടെ കളിയില്‍... സ്പെയിനിന്റെ വിളക്കില്‍ എണ്ണ വറ്റുകയായിരുന്നു. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ബ്രസീലിനോടു തോറ്റപ്പോള്‍ ഇതു തെളിഞ്ഞു. പിന്നെ സ്പെയിന്‍ നടന്നത് മുന്നോട്ടായിരുന്നില്ല. മാറ്റങ്ങളില്ലാതെ അവര്‍ ലോകകപ്പിനെത്തി. മുന തേഞ്ഞ ടികി-ടാകയും നരകയറിയ പടക്കുതിരകളുമായി യുദ്ധം ജയിക്കാമെന്ന കണക്കുകൂട്ടല്‍ ചിലിയുടെ രഥചക്രങ്ങള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞു. മുന്നേറ്റത്തില്‍ അലെക്സിസ് സാഞ്ചെസ് തിരമാലയായി. വര്‍ഗസ് കുന്തമുനയായി. ഇവര്‍ക്കു പിന്നില്‍ സ്പാനിഷ് പ്രതിരോധത്തിന് ഇടംകൊടുക്കാതെ വിദല്‍ നിറഞ്ഞു. സാബി അലോണ്‍സോ അലസമായി കൊടുത്ത പാസില്‍ സാഞ്ചെസ് ചാടിവീണു. അരാന്‍ഗ്വിസിലേക്ക് ഒരു ത്രൂ പാസ്. അരാന്‍ഗ്വിസ് വര്‍ഗസിലേക്ക്. വര്‍ഗസ് ലക്ഷ്യംവച്ചു, ലോകചാമ്പ്യന്‍മാരുടെ നെഞ്ചിലേക്ക്. സ്പെയിന്‍ പിടഞ്ഞു. അപ്പോള്‍ 19 മിനിറ്റ്. തീര്‍ന്നില്ല. ഒന്നാം പകുതിക്കു മുമ്പെ ചിലി വീണ്ടും ആഞ്ഞടിച്ചു. സാഞ്ചെസിന്റെ ഫ്രീ കിക്ക്. ഗോളി കസിയസ് കൈയിലൊതുക്കാതെ തട്ടിയകറ്റി. പിഴവ്. പന്ത് അരാന്‍ഗ്വിസിന്റെ വലതുകാലിന് പാകത്തില്‍. അരാന്‍ഗ്വിസ് തൊടുത്തു. വലയില്‍ കിടന്ന് ബ്രസൂക്ക ഒരു സുവര്‍ണകാലത്തിന്റെ അന്ത്യഗാനം ആലപിച്ചു.
രണ്ടാം പകുതിയില്‍ സ്പെയിനിന്റെ ആക്രമണത്തെ ചിലി തടുത്തത് രോമാഞ്ചജനകമായിരുന്നു പ്രതിരോധത്തിലും കവിതയുണ്ടെന്ന് പാബ്ലോ നെരൂദയുടെ നാട്ടുകാര്‍ തെളിയിച്ചു. ഫ്രാന്‍സിസ്കോ സില്‍വ സര്‍വസൈന്യാധിപനായി. ഗാരി മെദലും ഗൊണ്‍സാലൊ ജാറയും കരിമ്പാറകളായി. ഇസ്ലയും മെനയും വിങ്ങുകള്‍ ഭരിച്ചു. സ്പെയിനിന് ലക്ഷ്യം തെറ്റി. ആശയദാരിദ്ര്യം ഉണ്ടായി. ഇടയ്ക്ക് ടികി-ടാകയുടെ ഓര്‍മകളുമായി ഹ്രസ്വ പാസുകള്‍ നല്‍കുമ്പോള്‍ ശൂന്യതയില്‍നിന്നെന്നപോലെ വിദല്‍ ഓടിയടുത്തു. ഇന്ധനമില്ലാതെ സ്പെയിന്‍ തളര്‍ന്നു. ഘടികാരത്തിന്റെ സൂചികളില്‍നിന്ന് സ്പെയിനിന്റെ രക്തം ഇറ്റുവീണു. നാഡീസ്പന്ദനം അവസാനിച്ചു. അവസാന വിസില്‍, സ്പെയിന്‍ അന്ധകാരത്തിലേക്ക്. ശുഭം!.
മുഴുവൻ റിപ്പോർട്ട് ഇവിടെ:
ശുഭം - DESHABHIMANI