ബഷീര്* ചൂളംവിളി തുടര്*ന്നുകൊണ്ട് അവിടെനിന്ന് പതുക്കെ പിന്*വാങ്ങി, മതിലരികിലേക്കു നടന്നുനീങ്ങി.
സമീപദൃശ്യം
ഇപ്പോള്* നടത്തം ഇടമതിലിന്ന് അരികിലൂടെയാണ്. എന്തോ ആലോചനയില്* മുഴുകി അങ്ങനെ അന്യമനസ്*കനായി നടന്നുനീങ്ങവെ എങ്ങുനിന്നെന്നില്ലാതെ ഒരു സ്ത്രീശബ്ദം.
''ആരാണവിടെ ചൂളമടിക്കുന്നത്?''
ബഷീര്* പെട്ടെന്നു നിന്ന് അതിശയത്തോടെ ചുറ്റും നോക്കി. പിന്നെ ഒരു തിരിച്ചറിവോടെ മതിലിന്റെ മുകളിലേക്കു തിരിഞ്ഞ് പറഞ്ഞു: ''ഞാനാ!''
ഉടനെ മറുചോദ്യമുണ്ടായി, ''പേരെന്താ?''
അതിസമീപദൃശ്യം
ബഷീര്* പെട്ടെന്ന് ഉല്ലാസവാനായി, ''ബഷീര്*. എളിയ തോതിലൊരെഴുത്തുകാരനാണ്. രണ്ടര കൊല്ലത്തെ തടവ്. ഇപ്പോ ഞാനിവിടെ തനിച്ചാണ്. കൂട്ടുകാരെല്ലാം പോയി,'' ഒരു വീര്*പ്പിനു പറഞ്ഞു.
ഏകാന്തതയുടെ നൈരാശ്യവും പുതിയ പരിചയപ്പെടലിന്റെ ഉത്സാഹവും ആ ശബ്ദത്തില്* നിറഞ്ഞിരുന്നു. ബഷീര്* തുടര്*ന്നു ചോദിച്ചു: ''പേര് പറഞ്ഞില്ലല്ലോ?''
സ്ത്രീശബ്ദം, ''നാരായണി.''
ബഷീര്*, ''സുന്ദരമായ പേര്! വയസ്സ്?''
''ഇരുപത്തിരണ്ട്.''
''സുന്ദരമായ വയസ്സ്! കഠിനതടവാണല്ലേ?''
''അതേ. പതിനാല് കൊല്ലം!''
''അപ്പോ കൊലക്കുറ്റമാണല്ലേ?''
അതിന് മറുപടിയുണ്ടായില്ല.
മധ്യദൃശ്യം
ഇടമതിലും അതിനു മേലേക്കു പന്തലിച്ചുനിന്ന വൃക്ഷത്തലപ്പും അവര്*ക്കിടയില്* മൗനബിംബങ്ങളായി നിന്നു.
സമീപദൃശ്യം
ബഷീര്*, ''വന്നിട്ടൊത്തിരിനാളായോ?''
നാരായണി, ''ഒരു കൊല്ലമായി. ഹോ! എന്തൊരു ജീവിതം!''
ബഷീര്*, ''നാരായണീ! നമ്മള്* ഏതാണ്ടൊരുമിച്ചാണീ ജയിലില്* വന്നത്.''
അല്പമൊരു മൗനത്തിനുശേഷം നാരായണി ചോദിക്കുന്നതു കേട്ടു, ''എനിക്കൊരു റോസാച്ചെടി തരുമോ?''
ബഷീര്*, ''നാരായണി എങ്ങനെയറിഞ്ഞു ഇവിടെ റോസാച്ചെടിയുണ്ടെന്ന്?''
നാരായണി, ''ജയിലല്ലേ! എല്ലാം എല്ലാവരും അറിയും. ഇവിടെ രഹസ്യങ്ങളൊന്നുമില്ല. തരുമോ?''
അതിന് ഉടന്* മറുപടി കൊടുത്തില്ല. അപ്പോള്* അവളുടെ ചോദ്യമുണ്ടായി, ''എന്താ മിണ്ടാത്തേ?''
ബഷീര്*, ''നാരായണീ! ഈ ഭുവനത്തിലുള്ള എല്ലാ പനിനീര്*ച്ചെടികളും ഞാന്* നാരായണിക്കു തരും.''
നാരായണി ചിരിയോടെ, ''ഒരെണ്ണം മതി. തരുമോ?''
ബഷീര്*, ''ഹോ! എന്തൊരു ചോദ്യമാ നാരായണീ ഇത്? തരുമോന്ന്! നാരായണീ അവിടെത്തന്നെ നിക്കണേ. ഞാനിപ്പം കൊണ്ടുവരാം, കേട്ടോ?''
നാരായണി, ''കേട്ടു!''
മധ്യദൃശ്യം
ബഷീര്* ഉത്സാഹാവേശത്തോടെ, തിരക്കുവച്ച് തിരിച്ചു നടന്നു. അപ്പോള്* മരത്തലപ്പില്* നിന്ന് അണ്ണാന്*മാര്* ഉച്ചത്തിലുച്ചത്തില്* ചിലച്ചു. ഇടയ്*ക്കൊന്നു നിന്ന് ബഷീര്* കുശലം പറഞ്ഞു:
''എന്തെടേ ബഡുക്കൂസുകളേ-ഓടി മരത്തിക്കേറുന്നത്? നാണമില്ലേ? ചുമ്മാ ഇവിടെല്ലാം എറങ്ങി നടക്കിനെടേ-''
സമീപദൃശ്യം
ബഷീര്* തിരക്കിട്ട് നടന്നടുത്തത് ആ പഴയ റോസാച്ചെടിയുടെ അടുത്തേക്കാണ്. അത്ഭുതമെന്നവണ്ണം അത് നിറയെ പൂത്തുനില്ക്കുന്നു. ബഷീര്* അതിനു മുന്നില്* താണിരുന്നു. എന്നിട്ട് അരുമയോടെ ചോദിച്ചു, ''അപ്പോ നിനക്ക് പൂക്കാനറിയാം!''
പിന്നെ, ചെടി അങ്ങനെ മൂടോടെ ഇളക്കാനുള്ള ശ്രമമായി.
മധ്യദൃശ്യം
നീലാകാശത്തിലെ ചെറുമേഘങ്ങള്*ക്കു കീഴില്* ഇടമതില്* കിളര്*ന്നു നിന്നു. ബഷീര്* അങ്ങോട്ട് തിരക്കിട്ടു നടന്നടുക്കെ ആവേശത്തില്* വിളിച്ചു: ''നാരായണീ-''
മറുപടിയുണ്ടായില്ല.
സമീപദൃശ്യം
ഇരുകയ്യിലും ഉയര്*ത്തിപ്പിടിച്ച റോസാച്ചെടിയുമായി പിന്നെയും വിളിച്ചു, ''നാരായണീ!''
പെട്ടെന്ന് മറുപടി വന്നു, 'ന്തോ-'
ബഷീര്*, ''ഞാന്* വിളിച്ചപ്പം എവിടെയായിരുന്നു?''
അവള്* ''ഇവിടെത്തന്നെ ഉണ്ടായിരുന്നു.''
ബഷീര്* ''എന്നിട്ട്?''
''ഞാന്* മിണ്ടാതെ ഒളിച്ച് നില്ക്കുകയായിരുന്നു.''
''കള്ളീ!''
അവള്* വശ്യമായി ചിരിച്ചു.
''റോസാച്ചെടി കൊണ്ടുവന്നോ?''
ബഷീര്* ചെടിയിലെ പൂക്കളിലോരോന്നിലും ചുംബിച്ചു.
''ബഷീറേ!'' അവള്* വിളിച്ചു.
ബഷീര്* വിളികേട്ടില്ല. അവളല്പമൊരു ആകാംക്ഷയോടെ പിന്നെയും പിന്നെയും വിളിച്ചു: ''ബഷീറേ! ബഷീറേ!''
അപ്പോള്* മാത്രം ബഷീര്* വിളികേട്ടു ''ങേ!-''
നാരായണി പിണങ്ങിയ സ്വരത്തില്* ''ഹോ! ദൈവത്തിനെ ഇത്ര സ്*നേഹത്തോടെ വിളിച്ചിരുന്നെങ്കില്* --''
ബഷീര്*, ''വിളിച്ചിരുന്നെങ്കില്*?''
അവള്* ''സ്*നേഹത്തോടെ വിളിച്ചിരുന്നെങ്കില്* എന്നാണ് പറഞ്ഞത്''
ബഷീര്* പൂവുകളില്* പിന്നെയും ചുംബിച്ചുകൊണ്ടിരുന്നു, ''സ്*നേഹത്തോടെ വിളിച്ചിരുന്നെങ്കില്*?''
അവള്*, ''ദൈവം എന്റെ മുമ്പില്* പ്രത്യക്ഷപ്പെടുമായിരുന്നു.''
സമീപദൃശ്യം
ബഷീര്*, ''ദൈവം ആരുടെ മുമ്പിലും പ്രത്യക്ഷപ്പെടുകയില്ല. ദൈവം നമ്മുടെ അടുത്തുണ്ട്. പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചം, ചൈതന്യം.''
പിന്നെയും പൂക്കളില്* ചുംബിച്ച്, ''നാരായണീ-പ്രത്യക്ഷപ്പെടാനുള്ളത് ഞാനല്ലേ?''
അവള്*, ''വിളിച്ചിട്ട് എന്താ പിന്നിത്രയും നേരം വിളി കേള്*ക്കാത്തത്?''
ബഷീര്* പൂക്കളില്* ചുംബിച്ചുകൊണ്ട്, ''ഞാന്* ചുംബിക്കുകയായിരുന്നു.''
അവള്*, ചിരിച്ച്, ''മതിലിലോ?''
ബഷീര്* ''അല്ല.''
അവള്*, ''പിന്നെ?''
ബഷീര്* ചുംബനങ്ങള്* തുടര്*ന്നുകൊണ്ട്, ''ഓരോ പൂവിലും ഓരോ മൊട്ടിലും ഓരോ ഇലയിലും.''
അവള്* ''ദൈവമേ! എനിക്ക് കരച്ചില്* വരുന്നു.''
ബഷീര്*, ''നാരായണീ!''
അവള്* ''എന്തോ?''
ബഷീര്*, ''ചുവട്ടിലെ കെട്ടഴിക്കരുത്. ഒരു കുഴി കുഴിച്ച് അതില്* ഈശ്വരനാമത്തില്* വയ്ക്കുക. എന്നിട്ട് മണ്ണിട്ട്, വെള്ളം ഒഴിക്കണം. കേട്ടോ?''
അവള്*, ''കേട്ടു.''
ബഷീര്*, ''എന്നാല്* ദാ വരുന്നു.''
ബഷീര്* ചുവട് മണ്ണോടെ കെട്ടി വൃത്തിയാക്കി വച്ച റോസാച്ചെടി മതിലിനു മുകളിലൂടെ മറുവശത്തേക്ക് എറിഞ്ഞു.
മധ്യസമീപദൃശ്യം
ബഷീര്*, ''കിട്ടിയോ?''
അവള്*, ''ദൈവമേ! കിട്ടി.''
ബഷീര്*, ''കമ്പുകളിലെ കെട്ടഴിക്കണം.''
അവള്*, ''അഴിക്കാം.''
ഒരു നിമിഷത്തിനു ശേഷം അവള്* ചേര്*ത്തു, ''ഞാന്* പൂക്കളെല്ലാം നുള്ളിയെടുത്തു വയ്ക്കാന്* പോവുകയാ.''
ബഷീര്* കൗതുകത്തോടെ, ''എവിടെ? മുടിക്കെട്ടിലോ?''
അവള്*, ''അല്ല.''
ബഷീര്*, ''പിന്നെ?''
അവള്*, ''ഹൃദയത്തിനുള്ളില്* - ബ്ലൗസിനുള്ളില്*.''
ബഷീര്* തരളിതനായി, പ്രേമത്തിന്റെ സ്വരത്തില്*, ''അതിലെന്റെ ചുംബനങ്ങളുണ്ട്.''
ബഷീര്* മതിലില്* പതിയെ മൃദുവായി കൈയോടിച്ചു.
അവള്*, ''ഞാനിതു നട്ട് വെള്ളമൊഴിച്ചിട്ട് വരാം. എപ്പോഴും മതിലിന്റെ മുകളില്* നോക്കണം. ഞാന്* വരുമ്പം ഒരൊണങ്ങിയ കമ്പ് മതിലിനു മുകളിലേക്കിടും. വരുമോ?''
ബഷീര്*, ''വരും.''
അവള്*, ''ഹെന്റെ ദൈവമേ!''
ബഷീര്*, ''എന്താ നാരായണീ?''
അവള്*, ''എനിക്ക് കരയാന്* തോന്നുന്നു.''
ബഷീര്*, ''കാരണമെന്ത്?''
അവള്*, ''ഹറിഞ്ഞുകൂടാ.''
ബഷീര്*, ''നാരായണി പോയി നട്ടിട്ടു വരൂ.''
അവള്*, ''ഞാനൊണക്കകമ്പിടും.''
ബഷീര്*, ''ഞാനത് നോക്കിയിരിക്കും.''
അവള്*, ''കണ്ടാല്* വരുമോ?''
ബഷീര്*, ''വരും.''
രണ്ട്
മതില്*മുകളിലെ അണ്ണാനെ ബഷീര്* ശാസിച്ചു, ''പോടാ കള്ള ബഡുക്കൂസേ- നിനക്കു നാണമില്ലേ?''
മറുവശത്തുനിന്ന് അവളുടെ അന്വേഷണം കേട്ടു, ''ആരെയാ ചീത്തവിളിക്കുന്നത്?''
ബഷീര്* ഗൗരവത്തില്*, ''ആ അണ്ണാനെ. അവന്* നമ്മെ ശ്രദ്ധിക്കുന്നു. കള്ളന്*.''
അവള്*, ''അവിടെയിരുന്നോട്ടെ.''
ബഷീര്*, ''അവനെന്നെ പരിഹസിക്കാന്* വന്നിരിക്കയാ.
അവനെയും അവന്റെ ഭാര്യയേയും മക്കളേയും ഞാനിട്ട് ഓടിച്ചിട്ടുണ്ട്.''
ചിരിച്ച്, വിഷയം മാറ്റി ബഷീര്* വിളിച്ചു, ''നാരായണീ!''
അവള്*, ''എന്തോ?''
''ദാ ഒരു പൊതി വരുന്നുണ്ട്. പിടിച്ചോണേ-''
''എന്തോന്നാ?''
''മീന്* വറുത്തതും മുട്ട പുഴുങ്ങിയതും.''
അതു പറഞ്ഞതും പൊതി മതിലിനു മേലേ എറിയപ്പെട്ടു. ഉടന്* മറുവശത്തുനിന്ന് പ്രതികരണം കേട്ടു, ''നോക്കിക്കേ. എന്റെ മൊലയിലാ പൊതി വന്നു വീണത്.''
ബഷീര്* ''നൊന്തോ?''
അവള്* ''ങൂഹും! തമ്മിലൊന്ന് കാണാനെന്താ വഴി?''
ബഷീര്*, ''ഞാനൊരു വഴിയും കാണുന്നില്ല.''
അവള്*, ''ഞാനിന്ന് രാത്രി കിടന്നോര്*ത്തു കരയും.''
ബഷീര്*, ''ഞാനും രാത്രി കിടന്നോര്*ക്കാറുണ്ട്.''
അവള്*, ''ഞാനാശുപത്രിയില്* വരാന്* ശ്രമിക്കും. എന്നെക്കാണാന്* ആശുപത്രിവരെ വരുമോ? എനിക്ക് ദൂരെ നിന്നെങ്കിലും ഒന്നു കണ്ടാ മതി.''
ബഷീര്* മതിലിന്നടുത്തേക്ക് ആവേശത്തോടെ നീങ്ങിക്കൊണ്ട് ''ഞാനോടിവന്ന് കെട്ടിപ്പിടിച്ചുമ്മവയ്ക്കും. മുഖത്തും കഴുത്തിലും മുലകളിലും നാഭിയിലും.''
അവള്*, ''എന്നെ കണ്ടാലെങ്ങനെ അറിയും?''
ബഷീര്*, ''മുഖം കാണുമ്പോഴറിയും.''
അവള്*, ''എന്റെ വലതു കവിളില്* ഒരു കറുത്ത മറുകുണ്ട്. അതു നോക്കുമോ?''
ബഷീര്* മതിലില്* മൃദുവായി തടവിക്കൊണ്ട്, ''എനിക്കാ കറുത്ത മറുകില്* തെരുതെരെ ചുംബിക്കണം.''
മധ്യദൃശ്യം
ബഷീര്* മതിലിനോട് ചേര്*ന്നു നിന്നു.
അവള്*, ''വരാതിരിക്കരുത്. എന്റെ കൂടെ വേറെയും സ്ത്രീകള്* കാണും.''
ബഷീര്*, ''ഞാന്* തനിച്ചായിരിക്കും. എന്റെ തലയില്* തൊപ്പി കാണുകയില്ല. കയ്യിലൊരു ചുവന്ന റോസാപ്പൂവ് കാണും.''
അല്പമൊരു മൗനത്തിനുശേഷം, ''ആശുപത്രി ഓര്*ഡര്*ലി എന്റെ ഒരു പഴയ സുഹൃത്താണ്.''
അവള്*, ''അതെനിക്കു തോന്നി.''
ബഷീര്*, ''എങ്ങനെ?''
അവള്*, ''മുട്ട, കരള്*, റൊട്ടി--''
പെട്ടെന്ന് വിഷയം മാറ്റി അവള്* ചോദിച്ചു: ''ഞാന്* മരിച്ചുപോയാല്* എന്നെ ഓര്*മ്മിക്കുമോ?''
ബഷീര്* അത് കേള്*ക്കാത്തമട്ടില്*, ''ഇനി റോസാച്ചെടികള്* വേണോ? ഇവിടെ ഒരുപാടൊണ്ട്.''
അവള്*, ''വേണ്ട. തന്നതില്* നിന്ന് ഞാനൊരു പൂങ്കാവനമുണ്ടാക്കിത്തുടങ്ങി. ഞാന്* മരിച്ചുപോയാല്* എന്നെ ഓര്*ക്കുമോ?''
ബഷീര്*, ''പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആരെപ്പോള്* എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ.''
ഒന്നാലോചിച്ചിട്ട് ചേര്*ത്തു, ''ഞാനായിരിക്കും ആദ്യം മരിക്കുന്നത്.''
അവള്*, ''അല്ല ഞാനായിരിക്കും. എന്നെ ഓര്*ക്കുമോ?''
ബഷീര്*, ''ഓര്*ക്കും.''
അവള്*, ''എങ്ങനെ? എന്റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓര്*ക്കും? അങ്ങെന്നെ കണ്ടിട്ടില്ല. തൊട്ടിട്ടില്ല. എങ്ങനെ ഓര്*ക്കും?''
ബഷീര്*, ''നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.''
അവള്*, ''ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?''
ബഷീര്*, ''നാരായണീ, മുഖസ്തുതിയല്ല. പരമസത്യം. മതിലുകള്*! മതിലുകള്*! നോക്കൂ ഈ മതിലുകള്* ലോകം മുഴുവന്* ചുറ്റി പോകുന്നു.''
അവള്*, ''ഞാനൊന്നു പൊട്ടിക്കരയട്ടേ?''
ബഷീര്*, ''ഇപ്പോള്* വേണ്ട. ഓര്*ത്ത് രാത്രി കരഞ്ഞോളൂ.''